കൊയിക്കലേത്തു രാമചന്ദ്രൻ പിള്ള

കൊയിക്കലേത്തു പി.രാമചന്ദ്രൻ പിള്ള(1917 – 2006)കവിയും വാഗ്മിയുമായിരുന്ന രാമചന്ദ്രൻ പിള്ള ചെറുകര പരമുപിള്ളയുടെ 13 മക്കളിൽ രണ്ടാമത്തെ സന്താനവും മൂത്ത പുത്രനുമായിരുന്നു.പിൽക്കാലത്ത് കുടുംബത്തിന്റെ കാരണവരായി.ആലുവ യൂ. സി കോളേജിലെ വിദ്യാഭ്യാസ ശേഷം റയിൽവേയിൽ ജോലി സ്വീകരിച്ചു.കുടുംബത്തിൽ ആ തലമുറയിൽ ആദ്യമായി സർക്കാർ ജോലി നേടിയ ആളാണ്.കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ ജോലി നോക്കി.ജീവനക്കാരുടെ സംഘടനയിൽ സജീവമായിരുന്നു.സ്വാതന്ത്രത്തിനു മുൻപുള്ള കാലഘട്ടത്തിൽ റയിൽവേയിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കു എതിരായി പോരാടി.

കോൺഗ്രസ് അനുഭാവി ആയിരുന്നു.മഹാത്മാ ഗാന്ധി,കാമരാജ് തുടങ്ങിയവരുടെ പ്രസംഗങ്ങൾ പലവട്ടം കേട്ടു.റെയിൽവേ സംഘടനയുടെ കേസ് നടത്തിപ്പുകൾക്കായി കൽക്കട്ട അടക്കം സ്ഥലങ്ങളിൽ സഞ്ചരിച്ചു.മികച്ച പ്രസംഗകനായത് ഇക്കാലത്താണ്.വിവേകാനന്ദ സാഹിത്യത്തിൽ താത്പര്യം ജനിച്ചതും ഈ സമയമാണ്.

വിവേകാനന്ദനെ വായിച്ചപ്പോഴുണ്ടായ ചില സംശയങ്ങൾ ദൂരീകരിക്കാൻ വഴിതേടി എത്തിയത് തിരുവണ്ണ മലയിൽ ശ്രീ രമണമഹർഷിയുടെ സന്നിധിയിലാണ്.അന്വേഷകന്റെ സംശയങ്ങൾ മഹർഷി തീർത്തു കൊടുത്തു.ക്ഷേത്രദർശനം,വിളക്ക് തൊഴുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന്‌ മാറി മറ്റൊരു തലത്തിൽ പിന്നീട് മനസ്സ്‌ ചലിക്കാൻ തുടങ്ങി. കവിതയോടുള്ള താത്പര്യം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു.പ്രശസ്ത എഴുത്തുകാരനും നാടകസിനിമാ നടനുമായ മുതുകുളം രാഘവൻ പിള്ളയുമായുണ്ടായ സമ്പർക്കത്തിൽ സംസ്കൃതവും പഠിച്ചു.

കോളേജിൽ നിന്ന് പിരിയുന്നേരം എഴുതിയ ഒരു വിടവാങ്ങൽ,ആബുബെൻ ആദം,വിചിത്രമനുഷ്യൻ,ദ ന്തോ ദന്തം തുടങ്ങി നിരവധി കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു.ആകാശവാണിയും കവിത പ്രക്ഷേപണം ചെയ്തു.പേരപ്പനായ മീനത്തതിൽ കേശവപിള്ള എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ കണ്ടെടുത്തു സംസ്‌കരിച്ചു സൗജന്യമായി പുനപ്രസിദ്ധീകരിച്ചതും സ്മരണീയമാണ്. സുകുമാർ അഴീക്കോട്,സുഗതകുമാരി എന്നിവർ നേതൃത്വമേകിയ നവഭാരതവേദി എന്ന അഴിമതിമുക്ത വേദിയിൽ അവസാനകാലത്തു പ്രവർത്തിച്ചു.തിരുവനന്തപുരത്തു ഉള്ളൂർ പ്രശാന്ത് നഗറിൽ പണിത വീട്ടിൽ വച്ച് 2006ൽ അന്തരിച്ചു. മുതുകുളത്തു ഇടശ്ശേരിൽ കെ.സി.പങ്കജാക്ഷി അമ്മയാണ് സഹധർമ്മിണി.അഞ്ചു പുത്രിമാരും രണ്ടു പുത്രമാരും.