ചെറുകര ശ്രീ. പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്തു ശ്രീമതി ഭാർഗ്ഗവിയമ്മയുടെയും മക്കളിൽ പതിനൊന്നാമത്തെ ആളാണ് നീലാമ്മ. മലയാള വർഷം 1110 മേടമാസത്തിൽ (1935 ഏപ്രിൽ) മൂലം നക്ഷത്രത്തിൽ ജനനം. യഥാർത്ഥ പേര് നീലാംബിക. മുതുകുളം സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കാർത്തികപ്പള്ളി ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷനും കരസ്ഥമാക്കി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാതിരുന്ന ആ കാലഘട്ടത്തിൽ പഠനത്തിലുള്ള കഴിവും താല്പര്യവും കണക്കിലെടുത്തു മാതാപിതാക്കൾ പഠിക്കുവാനുള്ള അനുമതി നൽകുകയും ആ അവസരം ഫലപ്രദമായി വിനിയോഗിച്ചു അന്നത്തെ സിക്സ്ത് (ഇന്നത്തെ പത്താം ക്ലാസ് ) പരീക്ഷയിൽ ഉയർന്ന വിജയം നേടുകയും ചെയ്തു.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ (M.A College) ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായിരുന്ന അമ്പലപ്പുഴ നീർക്കുന്നം നന്തിയാട്ടു കുടുംബത്തിലെ എൻ. എസ്സ് കുറുപ്പ് എന്ന് അറിയപ്പെട്ടിരുന്ന എൻ. ശിവശങ്കരക്കുറുപ്പുമായി വിവാഹം. ഇംഗ്ലീഷ് ഭാഷയിൽ അഗാധമായ പാണ്ഡിത്യവും മാസ്റ്റർ ഡിഗ്രിയും ഉണ്ടായിരുന്ന ശ്രീമാൻ എൻ. എസ്സ് കുറുപ്പ് ആലപ്പുഴയിൽ മുല്ലയ്ക്കൽ എന്ന സ്ഥലത്ത് S.D ട്യൂട്ടോറിയൽ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വളരെ വിജയകരമായി നടത്തുകയും പ്രസ്തുത സ്ഥാപനത്തിന്റെ ഒരു ശാഖ പിന്നീട് അമ്പലപ്പുഴയിൽ ആരംഭിക്കുകയും ചെയ്തു. അക്കാലത്തു വിദ്യാർത്ഥികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘English Grammar & Structure’ എന്ന പുസ്തകം ശ്രീമാൻ എൻ. എസ്സ് കുറുപ്പിന്റെ സംഭാവനയാണ്. ആലപ്പുഴ സനാതന ധർമ്മ കോളേജിലെ (S.D കോളേജ് ) പ്രഗത്ഭന്മാരായ പല അദ്ധ്യാപകരും ആദ്യം ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചവരായിരുന്നു. പിന്നീട് ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ കാരണം അധ്യാപക ജോലി ഉപേക്ഷിക്കുകയും അമ്പലപ്പുഴയിൽ വലിയ രീതിയിൽ SINE PHARMACEUTICALS എന്ന പേരിൽ ഒരു Allopathic Medicine Manufacturing Unit സ്വന്തമായി തുടങ്ങുകയും ചെയ്തു.
നന്തിയാട് കുടുംബത്തിൽ അംഗമായി വന്ന നീലാമ്മ സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ എല്ലാ ബന്ധുജനങ്ങൾക്കും പ്രിയങ്കരിയായി മാറി. നീലാമ്മയുടെ സ്നേഹവും കൈപ്പുണ്യവും കോയിക്കലേത്തു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും അനുഭവിച്ചറിയുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വളരെയധികം ഈശ്വരവിശ്വാസിയായിരുന്ന നീലാമ്മ എപ്പോളും പ്രസന്നവദനയായി എല്ലാവർക്കും നല്ലതുമാത്രം വരണമെന്ന് ആഗ്രഹിച്ചു ഒരു മാതൃകയായി ജീവിച്ചു.
വാർദ്ധക്യസഹജമായ അസുഖം മൂലം 2003 ജനുവരി മാസത്തിൽ എഴുപത്തിനാലാമത്തെ വയസ്സിൽ എൻ. എസ്സ് കുറുപ്പ് അന്തരിച്ചു. 2020 ഏപ്രിൽ മാസത്തിൽ തന്റെ എൺപത്തിനാലാം വയസ്സിൽ നീലാമ്മയും വിട പറഞ്ഞു.
മക്കൾ : രാജമോഹനൻ-സുജ, രാധാകൃഷ്ണൻ-അമ്പിളി, രാജലക്ഷ്മി-വേണുഗോപാൽ, രാജേന്ദ്രൻ-ബിന്ദുജ, രാജേഷ്-സുനിത.
കൊച്ചുമക്കൾ : സൂരജ് രാജ്മോഹൻ, അരവിന്ദ് R കൃഷ്ണൻ, അരുൺ V ഗോപാൽ, കാവ്യ R.V, നന്ദന രാജേന്ദ്രൻ, വിശാഖ് രാജേഷ്, വിശാൽ രാജേഷ്
പേരക്കുട്ടികൾ : കൃഷ് കിരൺ & കൃതി കെ. കെ