ചെറുകര നാരായണപിള്ള

ചെറുകര പരമേശ്വരൻ പിള്ളയുടെയും കൊയിക്കലേത്തു ഭാർഗവിയമ്മയുടെയും 13 മക്കളിൽ അഞ്ചാമനാണ് നാരായണപിള്ള.

അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹരിപ്പാട് ഉള്ള ഒരു സംസ്കൃത പണ്ഡിതന്റെ കീഴിൽ സംസ്കൃതം പഠിച്ചു. അദ്ദേഹത്തിന് മലയാളത്തിലും സംസ്കൃതത്തിലും നല്ല ജ്ഞാനം ഉണ്ടായിരുന്നു. സാഹിത്യ ശാഖകളിൽ കവിതകളോട് ആയിരുന്നു കൂടുതൽ ആഭിമുഖ്യം കുമാരനാശാന്റെ മിക്ക കൃതികളും ഹൃദിസ്ഥമായിരുന്നു. അക്ഷരശ്ലോക സദസ്സുകളിൽ തിളങ്ങാൻ ഇത് അദ്ദേഹത്തിനെ വളരെ സഹായിച്ചു.

 

പള്ളിപ്പാട്ട് ആദ്യമായി ഒരു ജനകീയ വായനശാല നിർമ്മിച്ചത് നാരായണപിള്ളയായിരുന്നു. ഇതിനുവേണ്ടി സ്വന്തം സമ്പാദ്യം ചെലവഴിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. ഈ വായനശാല ഇപ്പോഴും പള്ളിപ്പാട്ട് നിലനിൽക്കുന്നുണ്ട്.

അസാധാരണ ശരീരപുഷ്ടിയും മനോധൈര്യവും അദ്ദേഹത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്. ഹരിപ്പാടും പള്ളിപ്പാട്ടും ഉണ്ടായിരുന്ന പല അക്രമ സംഘങ്ങൾക്കും അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.

സഹോദരങ്ങളോടും അടുത്ത ബന്ധുക്കളോടും നാരായണപിള്ളയ്ക്ക് ഉണ്ടായിരുന്ന സ്നേഹ വാത്സല്യം എടുത്തുപറയേണ്ടതാണ്. ബന്ധുക്കളെ ഏത് ആപത്ഘട്ടങ്ങളിലും അദ്ദേഹം കൈയും മെയ്യും മറന്നു കൂടെ നിന്ന് സഹായിക്കുമായിരുന്നു. ഈ പ്രത്യേകതകൾ കൊണ്ട് ബന്ധുജനങ്ങൾക്ക് നാരായണപിള്ള വളരെ പ്രിയപ്പെട്ടവനായിരുന്നു. ഇദ്ദേഹത്തിന്റെ ആശ്രിതവാത്സല്യം വളരെ പ്രശസ്തമാണ്.

ചേർത്തലയിലെ ഒരു സമ്പന്ന കുടുംബം ആയിരുന്ന പുനത്തിൽ കുടുംബത്തിൽ നിന്നായിരുന്നു വിവാഹം. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ വർഷങ്ങൾ മുമ്പ് തന്നെ അന്തരിച്ചു.

 

നാരായണപിള്ള 2001 ഒക്ടോബറിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി.