കൊച്ചു ശങ്കരപ്പിള്ള

പള്ളിപ്പാട് കോയിക്കലേത്ത് തറവാട് പണി കഴിപ്പിച്ച കൊച്ചു ശങ്കരപ്പിള്ളയുടെ തട്ടകം തിരുവനന്തപുരമായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ അവിടെ എത്തിപ്പെട്ടതാണ്. സ്വാതിതിരുനാളിന്റെ മാതുലനായിരുന്ന മഹാരാജാവ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ നങ്ങ്യാർകുളങ്ങരയിൽ റോഡരികിൽ ചിന്താമഗ്നനായിരുന്ന അതികോമളനും തേജസ്വിയുമായ ബാലനെ കണ്ട് വാഹനം നിർത്തി കൂടെ കൂട്ടിയത്രേ.

ബാലൻ അതി ബുദ്ധിമാനെന്നു തിരിച്ചറിഞ്ഞ മഹാരാജാവ് കുട്ടിക്ക് വേണ്ടത്ര വിദ്യാഭ്യാസവും ജോലിയും നൽകി .അങ്ങനെ ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്താണ് ദിവാൻ പേഷ്കാർ എന്ന മോഹ പദവിയിലേക്ക് കൊച്ചു ശങ്കരപിള്ള എത്തിയത്. മഹാരാജാവിന് പ്രിയംകരനായ വ്യക്തിയായിരുന്നു അദ്ദേഹം. 

കൊട്ടാരത്തിലുണ്ടാകാറുള്ള ഏതു സമസ്യക്കും ഉത്തരം കണ്ടെത്തുന്ന ബുദ്ധി വൈഭവം അദ്ദേഹം പ്രകടിപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഒരു കഥ പറയാം.

ഒരു നാൾ ഉച്ച ഭക്ഷണത്തിനു ശേഷം മഹാരാജാവ് സപ്രമഞ്ചക്കട്ടിലിൽ വിശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ‘ആരവിടെ , എന്ന് സേവകരെ വിളിച്ചു. ഓടിച്ചെന്നവരോട് കൊണ്ടു വാ എന്ന് ആജ്ഞാപിച്ചു. എന്ത് , ആരെ എന്നൊന്നും ചോദിക്കാൻ നിവൃത്തിയില്ല. തിരുവായ്ക് എതിർ വാ ഇല്ലാത്ത കാലം. താമസിച്ചാൽ തല പോകാനും മതി. സേവകർ നെട്ടോട്ടമോടി. കൊട്ടാരം ഇളകി മറിഞ്ഞു. ഒടുവിൽ ആരോ പറഞ്ഞു, ദിവാൻ പേഷ്ക്കാരോട് ചോദിക്കാം. വന്നവരോട് എപ്പോൾ എങ്ങനെ എന്നൊക്കെ ആരാഞ്ഞശേഷം പാണനെ വിളിച്ചു കൊണ്ടു ചെയ്യാൻ അദ്ദേഹം പറഞ്ഞു. പാണൻ എന്നുവച്ചാൽ തയ്യൽക്കാരനാണ്. പാണനെ കൂട്ടിക്കൊണ്ടുചെന്നു. അയാൾ നോക്കിയപ്പോൾ കട്ടിലിന്റെ മേൽക്കട്ടിയുടെ ഒരു മൂല കീറി കിടക്കുന്നു. പാണനെകൊണ്ടുവരാൻ പറഞ്ഞത് ആരെന്ന് രാജാവ് അന്വേഷിച്ചു. കൊച്ചു ശങ്കരപ്പിള്ള എന്നു കേട്ടതോടെ ബുദ്ധി വൈഭവത്തിന് പാരിതോഷികമായി എത്രയോ ഭൂമി കരമൊഴിവായി നല്കാൻ ഉത്തരവായി. ഇപ്രകാരം പല കഥകളുമുണ്ട്. ഇങ്ങനെ കുടുംബക്കാരണവരുടെ ബുദ്ധിസാമർത്ഥ്യത്തിനു നിദർശനമായി കോയിക്കലേത്ത് കുടുംബത്തിൽ സമ്പത്ത് കുമിഞ്ഞുകൂടി.