തികഞ്ഞ സാഹിത്യ ആസ്വാദകനും വിവിധ ഭാഷ പണ്ഡിതനുമായിരുന്ന ചെറുകര പരമേശ്വരന് പിള്ളയുടെ ഉററ മിത്രങ്ങളില്‍ ഒരാളായിരുന്നു മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായ കുമാരനാശാന്. ചെറുകര തറവാട്ടില്‍ ഇടയ്ക്കൊക്കെ സന്ദര്‍ശനം നടത്തിയിരുന്ന ആശാനും ഒന്നിച്ച് ഒട്ടനവധി യാത്രകളാണ് ചെറുകര പരമേശ്വരന് പിള്ള നടത്തിയിട്ടുള്ളത്. അതില്‍ ഒരു യാത്രയും അതിനെ തുടര്‍ന്ന് പിറവികൊണ്ട ഒരു സിംഹ പ്രസവം എന്ന കവിതയേയും കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.
മലയാളവര്‍ഷം 1099ലാണ് ഈ യാത്രയും കവിതാ രചനയും സംഭവിച്ചത്. ഈ വര്‍ഷത്തിന് മറൈാരു പ്രാധാന്യം കൂടിയുണ്ട്. ഇതേ വര്‍ഷം മകരം 3 നുണ്ടായ ബോട്ട് അപകടത്തിലാണ് പല്ലനയാററില് വെച്ച് ആശയഗംഭീരന്‍ എന്ന് അറിയപ്പെട്ട കുമാരനാശാന് മരണപെടുന്നത്. തിരുവനന്തപുരം കാഴ്ച്ചബംഗ്ലാവില്‍ വളര്‍ത്തിയിരുന്ന സിംഹത്തിലൊന്ന് പ്രസവിക്കുവാന്‍ തയാറായിനില്ക്കുകയാണന്നറിഞ്ഞ് സിംഹ പ്രസവം കാണാനാണ് മുതുകുളത്തെ ചെറുകര തറവാട്ടിലെത്തിയ കുമാരനാശാനും ചെറുകര പരമേശ്വരന് പിള്ളയും ഒന്നിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. പ്രതീക്ഷിച്ചപോലെ തന്നെ അന്ന് സിംഹപ്രസവം നടക്കുകയും ചെയ്തു. കാഴ്ച്ച അപൂര്‍വ്വമെങ്കിലും അതിനെ മറെറാരുതലത്തില് വീക്ഷിക്കാതിരുന്ന ചെറുകര പരമേശ്വരന് പിള്ളയെ അത്ഭുതപെടുത്തുന്നതായിരുന്നു പിന്നീടുള്ള കൂടികാഴ്ച്ചയില്‍ കുമാരനാശാന് പങ്കുവെച്ച വിവരം.
മാസങ്ങള്‍ക്ക് മുമ്പുകണ്ട സിംഹപ്രസവത്തെ ആസ്പദമാക്കി രചിച്ച ഒരു സിംഹപ്രസവം എന്ന കവിതയുടെ വിവരങ്ങളാണ് ആശാന് അന്ന് പ്രീയ മിത്രത്തോട് പങ്കുവെച്ചത്. താനും ആശാനും ഒന്നിച്ചുകണ്ട ദൃശ്യങ്ങളെ ഭാവനയുടെ കൂടി കരുത്തില്‍ വര്‍ണ്ണിച്ച ആശാന്റെ രചനാ വൈഭവത്തെപററിയും വ്യത്യസ്ത ചിന്താ തലത്തെയും കുറിച്ച് പില്കാലത്ത് ചെറുകര പമേശ്വരന് പിള്ള തെല്ലല്ല വവരിച്ചിട്ടുള്ളത്.